അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ? ഭാഗം – 3

വിശുദ്ധ ചാവറ കുരിയാക്കോസ് അച്ചന്റെ ജനനം മുതല്‍ വൈദികപട്ടസ്വീകരണം വരെയുള്ള കാലത്തെ കഥകള്‍, മിക്കവാറും എല്ലാവരും രചിച്ചിട്ടുള്ളത് ഒരുപോലെയാണ്.

അര്‍ത്തുങ്കല്‍ പള്ളിയില്‍വച്ച് വൈദികപട്ടം സ്വീകരിച്ചതോടെ, കഥാകൃത്തുക്കളില്‍ പലര്‍ക്കും ഭാവനകള്‍ ചിറകുവിരിക്കാന്‍ തുടങ്ങി. കുരിയാക്കോസ് അച്ചന്‍ സ്വപ്നത്തില്‍പോലും കാണാത്ത പലതും കഥാകൃത്തുക്കള്‍ മെനഞ്ഞെടുത്തു എഴുതാന്‍ തുടങ്ങി.

സത്യത്തില്‍ ഈ രചയിതാക്കള്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ടതാണ്. കാരണം, ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ അത്രക്ക് ഭംഗിയായിട്ടാണ് കഥയെഴുതിയിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തിലെ നായകകഥാപാത്രത്തെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ വളരെ ‘കൂള്‍’ ആയി മാറ്റി, ആ സ്ഥാനത്ത് നമ്മുടെ കഥാനായകന്റെ പേര് ‘സിംപിള്‍’ ആയിട്ട് ചേര്‍ത്തുവച്ചിരിക്കുകയാണ്. സാഹചര്യങ്ങളെ പൊലിപ്പിച്ചുകാട്ടി, ഈ കഥാനായകന്‍ ചെയ്തത് വായിക്കുമ്പോള്‍ വായനക്കാര്‍ എത്തിച്ചേരുന്ന തലം യഥാര്‍ത്ഥ സംഭവമായി മാറ്റപ്പെടുന്ന അവസ്ഥാന്തരത്തിലേക്ക് ആയിപ്പോകുന്നതില്‍ ആണ് നമ്മുടെ ഈ കഥാകൃത്തുക്കളുടെ മിടുക്ക് വെളിവാകുന്നത്.

‘ചാവറയച്ചന്‍ കഥ പറഞ്ഞാല്‍’ എന്ന പേരില്‍ ശ്രീ. ടി.ടി മുണ്ടയ്ക്കല്‍ എഴുതിയ ഒരു പുസ്തകമുണ്ട്. 1985-ല്‍ അന്നത്തെ പ്രിയോര്‍ ജനറാളായിരുന്ന ഫാ. വിജയാനന്ദ് സി.എം.ഐ എഴുതിയ അവതാരിക വായിച്ചാല്‍ മനസ്സിലാകും, ഈ കഥ സത്യമാണോ, ഭാവനയാണോ എന്ന്.

അതിലെ 162 പേജും വായിച്ചുതീരുമ്പോള്‍ സത്യമറിയാത്ത ഏതൊരാളും ഈ കഥയില്‍ വീണുപോകും. അത്ര മനോഹരമായിട്ടാണ് കഥാകാരന്‍ വായനക്കാരെ ഈ മാസ്മരികലോകത്ത് എത്തിക്കുന്നത്.

ചരിത്രത്തില്‍ രേഖപ്പെട്ട പേരുകള്‍ മാറ്റി കഥാനായകന്റെ പേര് എങ്ങനെ ആ സ്ഥാനത്ത് ഇത്ര കൃത്യമായി കൂടിച്ചേരുന്നു എന്ന് ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധത്തിലുള്ള രചന അഭിനന്ദനമര്‍ഹിക്കുന്നു. സമ്മതിച്ചേ പറ്റൂ. കള്ളസത്യരചനക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹമായ പുസ്തകംതന്നെ.

എന്നാല്‍ ഇതുമാത്രമല്ലാട്ടോ…. പുസ്തകങ്ങള്‍. ‘മനസ്സില്‍ നിറയുന്ന ചാവറയച്ചന്‍’ എന്നപേരില്‍ 2008-ല്‍ ശ്രീമതി കുഞ്ഞൂഞ്ഞമ്മ ജോസഫ് എഴുതിയ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ജെയിംസ് മഠത്തിക്കണ്ടം സി.എം.ഐ ആണ്. കുഞ്ഞുമനസ്സുകളില്‍ കള്ളക്കഥ പതിയാന്‍ ഈ പുസ്തകം ധാരാളം.

സി.എം.സി. സഭയുടെ കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ സി. ബെന്‍സിറ്റ സി.എം.സി 2011-ല്‍ അവതാരിക എഴുതിയ ഫാ. കുരിയാക്കോസ് ഏലിയ വടക്കേത്ത് സി.എം.ഐ. യുടെ ഒരു കൊച്ചുപുസ്തകത്തില്‍ അവതാരികയും ആശംസയും മറ്റും പലര്‍ക്കും തെറ്റിദ്ധാരണ പകരുന്നുണ്ട്.

ഇനി സി.എം.ഐ. സഭയുടെ സ്വന്തം കഥാപുത്രനായ എസ്. വെങ്ങാലൂര്‍ സി.എം.ഐ. എഴുതിയ ‘സി.എം.ഐ. സഭാചരിത്രം’, ‘നിരീക്ഷണങ്ങള്‍’, ‘മാന്നാനത്തെ മഹായോഗി (വി. ചാവറ )’ എന്നീ പുസ്തകങ്ങള്‍ വായിച്ചാലറിയാം, സഭയ്ക്ക് വേണ്ടത് ഇത്തരം പുത്രന്മാരെയാണെന്ന്. പേരറിയില്ലെങ്കിലും കോട്ടയത്തുനിന്നും എനിക്ക് ഈ വൈദികനാണ് കുരിയാക്കോസ് അച്ചനെക്കുറിച്ചുള്ള കുറെ പുസ്തകങ്ങള്‍ അയച്ചുതന്നിട്ടുള്ളത്.

അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ ചില സത്യങ്ങള്‍ ദൈവത്തിന്റെ കൈയൊപ്പുപോലെ ഇവരുടെ കള്ളത്തരങ്ങളെ വെളിച്ചത്തെത്തിക്കുന്നു.

കുരിയാക്കോസ് അച്ചന്റെ നാമകരണനടപടികള്‍ തുടങ്ങാറായപ്പോഴാണ്, ഭാവനകള്‍ ചിറക് മുളച്ചതെന്നുവേണം അനുമാനിക്കാന്‍. ആദ്യ സന്യാസസഭയെ കാനോനികമായി അംഗീകരിക്കുവാന്‍ ബച്ചിനെല്ലി പിതാവ് തീരുമാനിച്ച് നടപടികള്‍ പൂര്‍ത്തിയായ കാലത്ത് കര്‍മലീത്താ ചൈതന്യം പൂത്തുലഞ്ഞുനിന്ന അംഗങ്ങളുടെ നാലാം തലമുറ ആയപ്പോഴേക്കും കഥയൊക്കെ മാറി.

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്നപോലെ, കത്തോലിക്കാ സഭയുടെ എല്ലാ നന്മകളും സ്വാംശീകരിച്ചശേഷം തനിനിറം പുറത്തെടുക്കുന്ന പരമ്പരാഗതശൈലി റീത്ത് വിഭജനകാലത്ത് കാണിച്ചുതുടങ്ങിയപ്പോള്‍തന്നെ ശരിയായ തീരുമാനം സഭ എടുത്തിരുന്നുവെങ്കില്‍, അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത രേഖപ്പെടുത്തിയ സത്യം- ഇപ്പോള്‍ സീറോ മലബാര്‍ സഭ എത്തപ്പെട്ട ദുരവസ്ഥയിലെത്തുകയില്ലായിരുന്നു.

കുരിയാക്കോസ് അച്ചന്‍ എങ്ങനെ സി.എം.ഐ. സഭാസ്ഥാപകനായി എന്ന് ഇത്തവണ പറയാമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ചുകൂടി പഴയ രേഖകള്‍ കിട്ടുന്ന മുറക്ക് അടുത്തുതന്നെ നല്കാം.

ഇതിനിടയ്ക്ക് കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി അതിന്റെ സുവര്‍ണജൂബിലി സ്മാരകമായി പുറത്തിറക്കിയ സ്മരണികയില്‍ കുരിയാക്കോസ് അച്ചനുമായി ബന്ധപ്പെട്ട വലിയ ഒരു തെറ്റ് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുന്ന തിരക്കിലായിരുന്നു. കൃത്യമായ രേഖകള്‍സഹിതം ബോധിപ്പിച്ചിട്ടും ആരെയോ ഭയക്കുന്ന പ്രതീതിയാണ് മനസ്സിലാകുന്നത്.

കേരള സഭ ഇന്നെത്തിനില്ക്കുന്ന അവസ്ഥയ്ക്ക് ഒരു കാരണം, സത്യത്തിലൂടെ നേര്‍വഴി നടത്താന്‍ കാഴ്ചയുള്ളവര്‍ മറന്നുപോയതു കൊണ്ടാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ സംഭവിക്കുന്ന ദുരിതമാണ് ഇതൊക്കെ. തെറ്റുചെയ്യുന്നവര്‍ ചെയ്തോട്ടെ എന്ന മനോഭാവം മാറാതെ കേരള സഭ നന്നാവില്ല.

തെറ്റു ചെയ്യുന്നവരെ തിരുത്താതെ, അവര്‍ അവരുടെ തെറ്റും നമ്മള്‍ നമ്മുടെ ശരിയും പറഞ്ഞാലൊന്നും സഭ രക്ഷപെടില്ല. അവരെന്തു വിചാരിക്കും എന്നു കരുതി തെറ്റിന് കൂട്ടുനില്ക്കുന്ന പ്രവണത സഭാനേതൃത്വം ഉപേക്ഷിക്കണമെന്നതാണ് ഇപ്പോള്‍ പൊതുവേ ഉയരുന്ന ജനാഭിപ്രായം. അത് മനസ്സിലാക്കി വിവേകത്തോടെ പെരുമാറുമ്പോള്‍ സഭയുടെ മുഖം കൂടുതല്‍ പ്രകാശമാനമാകും. ക്രിസ്തു മഹത്വപ്പെടും. തെറ്റിനെ സാധൂകരിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖമാണ് വികൃതമാകുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് ഉണ്ടാകട്ടെ.

അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ?- ഭാഗം 2

കേരള കത്തോലിക്കാ സഭയിലെ മൂന്ന് റീത്തുകളിലൊന്നായ സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവും എറണാകുളം -, അങ്കമാലി അതിരൂപതാംഗവും സീറോ മലബാര്‍ സഭയുടെ മുഖപത്രമായ സത്യദീപം വാരികയുടെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന റവ. ഫാ. പോള്‍ തേലക്കാട് 2018 ഏപ്രില്‍ മാസത്തില്‍ പ്രഘോഷിച്ച സത്യം ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായപ്പോഴും സീറോ മലബാര്‍ സഭ ഔദ്യോഗികമായി ആ സത്യത്തെ നിഷേധിച്ചത് അവരുടെ സത്യത്തോടുള്ള നിഷേധാത്മക കാഴ്ചപ്പാടിനെ എന്നും സാധൂകരിക്കുവാന്‍ കാരണമാകുന്നു എന്ന ആമുഖത്തോടെ ഈ രണ്ടാം ഭാഗം തുടങ്ങട്ടെ….

2006 സെപ്തംബര്‍ 27-ന് അന്നത്തെ പാപ്പായായിരുന്ന ബെനഡിക്ട് പതിനാറാമന്‍, ഇന്നത്തെ ഭാരതത്തില്‍ അപ്പസ്തോലനായ വി. തോമസ് വന്നിട്ടില്ല എന്ന് പറഞ്ഞു. ചരിത്രപരമായ തെളിവുകളുടെയും ചിന്തിച്ചാല്‍ സാമാന്യബുദ്ധിക്ക് മനസ്സിലാക്കാവുന്ന യുക്തിയുടെയും (കുരിശ്, പള്ളി സ്ഥാപനങ്ങള്‍) മറ്റും അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞ സത്യത്തെ പറക്കടിയില്‍ ഇവര്‍ ഒളിപ്പിച്ചു. ആ നാളം കെടാതെ നില്ക്കുന്നുണ്ടായിരുന്നുവെന്ന് ഫാ. പോള്‍ തേലക്കാട്ട് പീഠത്തിന്മേല്‍ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ നാമൊക്കെ കണ്ടതാണ്. വീണ്ടും ആ സത്യത്തെ പറക്കടിയിലാക്കി സീറോ മലബാര്‍ സഭ മൂടിവയ്ക്കുകയാണ്.

ഏത്ര വളക്കാന്‍ ശ്രമിച്ചാലും പ്രകാശം നേര്‍രേഖയിലൂടെയേ സഞ്ചരിക്കൂ. എത്ര അടച്ചുപൂട്ടിയാലും അതെന്നെങ്കിലും പുറത്തെത്തും. ജലത്തിന്റെ കാര്യത്തിലും ഇതുതന്നെ. പറക്കടിയില്‍വച്ച് പ്രകാശത്തെയും ഇഷ്ടമുള്ള രൂപത്തില്‍ ജലത്തെയും ( പാത്രം, അണക്കെട്ട്) കുറെനാളത്തേക്ക് തടയാനാവും. എന്നാല്‍ എത്രനാള്‍ ?

മനുഷ്യരെല്ലാവരും സത്യത്തെ പിന്തുടരുന്നവരായിരിക്കണം. പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍. കാരണം സത്യം തന്നെയായ യേശുവില്‍ വിശ്വസിക്കുന്ന ഒരു ജനവിഭാഗമാണത്. അപ്പോള്‍ സത്യത്തെ മറച്ചുവയ്ക്കുന്നതിന് കൂട്ടുനില്ക്കുക എന്നാല്‍ യേശുവിനെ തള്ളിപ്പറയുന്നതിന് തുല്യമല്ലെ. കത്തോലിക്കാ സഭയിലെ ആരുതന്നെ കള്ളങ്ങള്‍ക്കു കൂട്ട് നില്ക്കുന്നുവോ അവരൊക്കെ ക്രിസ്തുവിന്റെ വെളിച്ചത്തിലേക്ക് കടന്നുവരണം.

വി.തോമാശ്ലീഹയെ സംബന്ധിച്ച് മൈലാപ്പൂരും മാല്യങ്കരയും – റോമന്‍ (ലത്തീന്‍) സഭ പിന്തുടരുന്ന രണ്ട് തെറ്റുകള്‍ തിരുത്തപ്പെടേണ്ടതാണ്. വി. തോമാശ്ലീഹ, അപ്പസ്തോലന്‍ ആണെന്നും അദ്ദേഹം അനവധി നാടുകളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും അനേകരെ ക്രിസ്തുമാര്‍ഗത്തിലേക്ക് ആനയിച്ചുവെന്നും ധൈര്യപൂര്‍വം നമുക്ക് വിശ്വസിക്കാം. ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യ എത്ര വലുതായിരുന്നു എന്നറിയണമെങ്കില്‍, പാക്കിസ്ഥാനും അതിനുമുമ്പ് വേര്‍തിരിഞ്ഞ അഫ്ഗാനിസ്ഥാനും ചേര്‍ന്ന ഇന്ത്യ മാത്രമല്ല എന്നറിയണം.

കാനായി തോമ എന്ന പേര്‍ഷ്യന്‍ കുടിയേറ്റക്കാരന്റെ കേരളത്തിലേക്കുള്ള വരവ് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. വി. തോമാശ്ലീഹയുടെ യാത്രയില്‍ ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ തോമാശ്ലീഹയില്‍നിന്നും സ്നാനം സ്വീകരിച്ച് വളര്‍ന്ന സമൂഹമായിരിക്കാം. ഈ സമൂഹത്തില്‍നിന്നും കാനായി തോമയുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയവരാണ് ആദ്യ ക്രൈസ്തവര്‍ എന്ന ചരിത്രവസ്തുത അംഗീകരിക്കുവാന്‍ മനസ്സാകാത്തിടത്തോളം സത്യത്തെ മൂടിവയ്ക്കുവാനും അസത്യങ്ങള്‍ പ്രചരിപ്പിക്കുവാനും അതുവഴി ക്രിസ്തുമാര്‍ഗത്തിന് എതിര്‍സാക്ഷ്യമാകുവാനും ഇടവരുന്നു. ( അതിന് മുമ്പ് ഇവിടെ – തെക്കേ ഇന്ത്യയില്‍ – ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുവെന്ന് തെളിവുകള്‍ ഉണ്ടെങ്കില്‍ നമുക്ക് വിശ്വസിക്കാം. എന്നാല്‍ അപ്പസ്തോലന്‍ ആയ വി. ബര്‍ത്തലോമിയോ ഇന്നത്തെ ബോംബെ പ്രദേശത്ത് അനേകരെ സ്നാനപ്പെടുത്തിയതായും ആ സമൂഹം, പോര്‍ച്ചുഗീസ് വരവോടെ അക്കൂട്ടത്തില്‍ ലയിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു എന്നറിയുന്നു.)

ഇക്കാര്യങ്ങളിലെല്ലാം വിയോജിപ്പുള്ളവര്‍ സത്യാന്വേഷികളായി, രേഖകള്‍ സഹിതം തെളിവ് വയ്ക്കുംവരെ അസത്യത്തില്‍ വിശ്വസിക്കരുതേ എന്നേ പറയാനുള്ളൂ. തെറ്റിന്റെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സത്യങ്ങളൊന്നും പ്രകാശം പരത്തുന്നതായി ഒരിക്കലും കാണാനാവില്ല. ഇരുട്ടിനെ എന്നും ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ പരത്തുന്ന കൂരിരുട്ടില്‍, നേരായ വഴി കാണാനാവാതെ അനേകര്‍ അലയുന്നുണ്ട്. കുരുടനെ കുരുടന്‍ നയിച്ചാല്‍ സംഭവിക്കുന്നതെന്തോ അത് അനുഭവിക്കുന്ന ഒരു സമൂഹത്തിനു മുമ്പില്‍ ഒരു കുഞ്ഞുവെട്ടമായി ഈ കുറിപ്പ് ഉപകാരപ്പെടട്ടേ.

യഥാര്‍ത്ഥ സത്യം ചിലര്‍ വളച്ചൊടിക്കുന്നത് എപ്രകാരമാണെന്ന് വെളിവാക്കുന്നതാണ് ഈ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്.

വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ യഥാര്‍ത്ഥ ചെയ്തികളും ആധുനിക ചരിത്രകാരന്മാരുടെ ( കഥാകൃത്തുക്കളുടെ) പുതിയ കഥകളും ഉള്‍പ്പെടുന്ന വരുംലക്കങ്ങളിലെ ആദ്യഭാഗം സി.എം.ഐ സഭയുടെ സ്ഥാപകന്‍ അല്ലെങ്കില്‍ സ്ഥാപകര്‍ ആരെല്ലാമാണെന്നതിനെക്കുറിച്ചാണ്.

ഒരു വിശുദ്ധനെ ലഭിക്കുവാന്‍വേണ്ടി സ്വന്തം സഭയുടെ പിതൃത്വംവരെ കണ്ടും കൂടെയും നടന്ന ഒരാളിലേക്ക് മാറ്റപ്പെട്ട കഥകള്‍………. വെബ്സൈറ്റുകളിലും പുസ്തകങ്ങളിലുമൊക്കെയുള്ള വായനക്കാരുടെ അറിവും കേട്ടറിവും മാറ്റി സത്യമായ അറിവുകള്‍…..

കമന്റുകള്‍ വായനക്കാര്‍ക്കും പങ്കുവയ്ക്കാം……..

അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ?

ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പസ്തോലിക്കവുമായ കത്തോലിക്കാ തിരുസഭയില്‍ ജീവിക്കുന്ന എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ്. സത്യം തന്നെയായ യേശുവിനെ പ്രഘോഷിച്ച് വിശുദ്ധരാകേണ്ടവര്‍.

എന്നാല്‍ ഇതൊന്നും പാലിച്ചില്ലെങ്കിലും കത്തോലിക്കാ സഭയില്‍ ജീവിച്ച് എല്ലാ സംവിധാനങ്ങളും തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിവുള്ളവരും ഇന്നുണ്ട്. തെറ്റാണെന്നറിഞ്ഞിട്ടും തെറ്റില്‍ തുടരുന്ന പ്രവണത വിശ്വാസികളിലും ലോകം മുഴുവനും എത്തിക്കുന്ന ചിലരെ, ലോകത്തിന് മുന്നില്‍ വെളിവാക്കാനും അവര്‍ ആ തെറ്റ് തിരുത്തുവാനുംവേണ്ടി ഈ കുറിപ്പ് ഉപകാരപ്പെടട്ടെ.

കേരളത്തിലെ രൂപതകളുടെ മാതാവ് എന്ന അപരനാമമുള്ള വരാപ്പുഴ അതിരൂപതയുടെ മുന്‍രൂപമായ വരാപ്പുഴ വികാരിയാത്തിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന് വലുതായ ഇന്നത്തെ സീറോ മലബാര്‍ സഭയിലെ ചിലരുടെ പ്രവൃത്തികളാണ് ഇത്തരമൊരു കുറിപ്പിന് കാരണമാകുന്നത്.

കത്തോലിക്കാ സഭയിലെ പൂര്‍വികര്‍ ചെയ്ത തെറ്റുകള്‍ക്ക് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും പാപ്പാ എമരിത്തൂസ് ബനഡിക്ട് പതിനാറാമനും മാപ്പ് ചോദിച്ചപ്പോള്‍ സഭയുടെ നിറം മങ്ങുകയല്ല, പതിന്മടങ്ങ് ശോഭിക്കുകയത്രേ ഉണ്ടായത്. ഇതരമതങ്ങളുടെ വിശ്വാസകാര്യങ്ങളിലും – ശബരിമലയിലെ മകരദീപം തെളിക്കുന്നത് മനുഷ്യകരങ്ങളാലാണെന്ന് കോടതിയില്‍ പറഞ്ഞിട്ടും അവരുടെ വിശ്വാസം കെടുകയല്ല, വര്‍ദ്ധിക്കുന്നതായി നമുക്ക് അറിവുള്ളതാണല്ലോ.

എന്നാല്‍ യേശുശിഷ്യനും മുക്കുവനുമായ വി. തോമസ്സിന്റെ പാരമ്പര്യങ്ങളില്‍ അഭിമാനം കൊള്ളുമ്പോഴും മുക്കുവരെ വംശീയമായി തള്ളിപ്പറയുകയും എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്ന നമ്പൂതിരി വര്‍ഗത്തില്‍ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുമാര്‍ഗം ഏച്ചുകെട്ടിയും ജീവിക്കുന്ന ചിലര്‍, സത്യങ്ങളെ വളച്ചൊടിച്ച് അസത്യങ്ങളെ സത്യങ്ങളാക്കി ലോകസമക്ഷം അവതരിപ്പിക്കുവാന്‍ വിരുതുള്ളവരാണ്. അവരോടൊപ്പം മാധ്യമങ്ങളും സാംസ്കാരികനായകരും എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും രാജ്യതന്ത്രഞ്ജരും ഒത്തുചേരുമ്പോള്‍ അസത്യങ്ങള്‍ സത്യങ്ങളായി ജനങ്ങള്‍ക്കിടയില്‍ പുനര്‍ജനിക്കുന്നു.

കത്തോലിക്കാ സഭയില്‍ വിശുദ്ധ പദവി കരഗതമാകുവാന്‍ ഒരാളുടെ വിശുദ്ധിതന്നെ ധാരാളം മതിയായിരിക്കെ, ചരിത്രസാക്ഷ്യങ്ങളുടെ പിന്‍ബലമുള്ള പല സംവിധാനങ്ങളുടെയും പിതൃത്വം കണ്ടുനിന്ന ഒരാളില്‍ നിക്ഷേപിച്ച് കത്തോലിക്കാ സഭയുടെ പകിട്ട് കുറക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കുറച്ചുപേരെ നിലക്ക് നിറുത്തുവാന്‍ ശ്രമിക്കാതെ അവരോടൊപ്പം കൂട്ടുനില്ക്കുന്ന അവരുടെ സഭാനേതൃത്വവും സത്യമല്ലെന്നറിവുണ്ടായിട്ടും പ്രതികരിക്കാത്ത മറുപക്ഷവും തെറ്റിനെ സാധൂകരിക്കുന്ന നടപടിയാണ് ചെയ്യുന്നത്.

ആത്മീയതക്കപ്പുറം സമ്പത്തിന് ഒന്നാം സ്ഥാനം കൈവരുമ്പോള്‍ എല്ലാവര്‍ക്കും സംഭവിക്കാവുന്ന അപഭ്രംശമായി മാത്രം ഇതിനെ കാണുന്ന കണ്ണുകള്‍, ഒരു തലമുറക്കുശേഷവും ഈ തെറ്റ് വീണ്ടും അവതരിപ്പിക്കുന്നുവെങ്കില്‍ കരുതിക്കൂട്ടിയുള്ള അസത്യപ്രചാരണത്തിന് മനഃപൂര്‍വം ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തിയിട്ടും കോടതിവഴി ബോധ്യപ്പെട്ടിട്ടും ആടിനെ ഞങ്ങള്‍ പട്ടിയാക്കും എന്ന വാശിയില്‍ മുന്നേറുന്ന ഇവരെ നിലക്കുനിറുത്തുവാന്‍ മുതിരാത്ത സഭാനേതൃത്വവും ഈ തെറ്റില്‍ പങ്കാളികളാണ്.

1599-ലെ ഉദയംപേരൂര്‍ സൂനഹദോസ് വഴി കത്തോലിക്കാ സഭയെ പുനരാശ്ലേഷിച്ച സുറിയാനിക്കാരിലെ അധികാരപ്രേമികളും ദുരഭിമാനം ഒന്നിനും സമ്മതിക്കാത്തവരുമായ ഏതാനും ചില ദുഷിച്ച വ്യക്തിത്വങ്ങളുടെ രക്തം അലിഞ്ഞുചേര്‍ന്നിട്ടുള്ള കുറച്ചുപേരുടെ ദുര്‍ചെയ്തികള്‍ക്ക് ഒരു സഭ മുഴുവന്റെയും വിശുദ്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവ് വിശുദ്ധ സഭാംഗങ്ങള്‍ക്കുണ്ടാവുകയും തെറ്റ് തിരുത്തുംവരെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം.

തെറ്റ് ചെയ്യുന്നവരെ തിരുത്തുക എന്ന പുണ്യപ്രവൃത്തിയില്‍ പങ്കാളികളായി, സത്യത്തിന്റെ പ്രഭ ലോകം മുഴുവന്‍ പടര്‍ത്തുവാന്‍, സത്യം തന്നെയായ യേശുവിനെ പ്രഘോഷിക്കുവാന്‍ ഓരോരുത്തരും തയ്യാറായാല്‍ അതുതന്നെയായിരിക്കും ഈ കാലഘട്ടത്തിലെ സുവിശേഷവത്കരണവും. അസത്യങ്ങളെ സത്യങ്ങളാക്കി കഥ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടെയും ഹൃദയങ്ങളെ, ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്ന മാനസങ്ങളെ, തെറ്റില്‍തന്നെ തുടരുന്ന ഇത്തരക്കാരെ; ശരിയുടെ പാതയിലേക്ക് അടുപ്പിക്കുവാന്‍ നമുക്കാവണം.

അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ എന്ന പരമ്പരയുടെ അടുത്ത ഭാഗങ്ങളില്‍ ഒരു സഭയുടെതന്നെ പഴയ ശരിയായ സത്യസാക്ഷ്യങ്ങളും ഇപ്പോഴത്തെ അസത്യപ്രചാരണങ്ങളും ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കലുകളും( ഷെയറിംഗ്) ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

12.09.2018. ബുധന്‍.

Blog at WordPress.com.

Up ↑

Create your website at WordPress.com
Get started