വിശുദ്ധ കുരിയാക്കോസ് ഏലിയാസ് ചാവറ, സി.എം.ഐ. സഭയുടെ സ്ഥാപകനെന്ന് വെബ്സൈറ്റിലും പുസ്തകങ്ങളിലും ഈയടുത്ത കാലത്ത് പ്രചരിക്കുന്ന തമാശക്കപ്പുറം, അവര്‍തന്നെ മുമ്പ് രേഖപ്പെടുത്തിയിരിക്കുന്ന ചില സത്യങ്ങളിലേക്കുള്ള യാത്രയാണ് ഈ ലക്കം.
മൂന്ന് പുസ്തകങ്ങളിലെ ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം ചേര്‍ത്ത് എഴുതിയ ലക്കമാണിത്.
1. മാന്നാനം ആശ്രമാച്ചുകൂടത്തിന്റെ സുവര്‍ണജൂബിലി സ്മാരകമായി സി.എം.ഐ സഭയുടെ കീഴിലുള്ള മാന്നാനം സെന്റ് ജോസഫ് പ്രസ്സില്‍നിന്നും 1897-ല്‍ പുറത്തിറക്കിയ ‘ പരിശുദ്ധ യൗസേപ്പു പിതാവിന്റെ മൂന്നു ലീലിപുഷ്പങ്ങളുടെ ചരിത്രം ‘ എന്ന പുസ്തകത്തിലെ ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു.
‘ഭക്തിയിലും പുണ്യജീവിതത്തിലും ശ്രുതിപ്പെട്ടവരായ പള്ളിപ്പുറത്തു പാലയ്ക്കല്‍ പെ. ബ. തോമ്മാ മല്പാനച്ചന്, ചമ്പക്കുളത്തു പോരൂക്കര പെ. ബ. തോമ്മാ മല്പാനച്ചന് എന്നിങ്ങനെ അറിയപ്പെട്ടിരിക്കുന്നവരാണ് മലയാളരാജ്യത്തില്‍ ഒരു സന്യാസാശ്രമം ഉണ്ടാക്കേണമെന്നു വിചാരിച്ചതും അതിന്നായി പരിശ്രമിച്ചതും വന്യമൃഗങ്ങളുടെ ജന്മഭൂമിയായി കിടന്നിരുന്ന മാന്നാനം കുന്നു ഇതിലേക്കു ഉചിതസ്ഥാനമായി വന്നു കണ്ടുപിടിച്ചതും ഇക്കാര്യത്തില്‍ ബഹു താല്പര്യക്കാരനും വേണ്ട അനുമതികള്‍ നല്കിയ ദേഹവുമായ വരാപ്പുഴെ മാര്‍ മൗെറേല്യോസ മെത്രാന് അവര്‍കളുടെ പ്രത്യേക സാന്നിദ്ധ്യത്തോടുകൂടി ൧൮൩൧ (1831) ല്‍ ംരം (ഈ) ആശ്രമത്തിന്നു അടിസ്ഥാനകല്ലിട്ടു പണി ആരംഭിച്ചതും മേല്‍പ്പറഞ്ഞ പ്രശംസാര്‍ഹരായ വൈദികരത്രെ. ആശ്രമത്തിന്റെ പണി നിവൃത്തിയാക്കി ഉദ്ദേശപൂര്ത്തി വരുന്നതിലേക്കായി മേല്‍പ്പറഞ്ഞ പട്ടക്കാരുടെ പിന്‍ഗാമിയായി ദൈവനിയോഗത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതു ചേന്നങ്കരിയില്‍ ചാവറെ പെ. ബ. കുറിയാക്കോസു മല്പാനച്ചനാണു. ംരം (ഈ) മഹാനാണു പിന്നിടു വരാപ്പുഴെ മെത്രാപ്പോലീത്താ അവര്‍കളുടെ വികാരിജനരാളും കര്‍മ്മലീത്താ ദിസ്കാള്സ മൂന്നാം സഭയുടെ പൊതു പ്രിയോരുമായി പെ. ബ.ആഹാ. കുറിയാക്കോസു ഏലിയ എന്ന നാമത്തില്‍ കീര്ത്തിപെട്ടിരുന്നതു………’
ഇതാണ് അക്കാലത്തെ സത്യം. ഈ സത്യമാണ് നാളുകള്‍ക്കുശേഷം മാറ്റിയെഴുതപ്പെട്ടത്.
സന്യാസജീവിതം നയിക്കണമെന്നു ആഗ്രഹിച്ച് ഇവര്‍ ആലോചന തുടങ്ങുന്ന കാലത്ത് ഇപ്പോഴത്തെ ഈ സ്ഥാപകന്‍ എവിടെ ആയിരുന്നു ? വൈദികപഠനത്തിന്റെ അവസാനഘട്ടങ്ങളിലായിരുന്നു.
അന്ന് വരാപ്പുഴ മെത്രാസനമന്ദിരത്തില്‍ പിതാവിന്റെ കൂടെ ബോംബെയില്നിന്നും വന്ന ലത്തീന്‍കാരനായ ഫാ. പാസ്കള്‍ ആയിരുന്നു മേല്‍പ്പറഞ്ഞ 2 വൈദികരുടെ സഹായിയായി പിതാവിന്റെ പക്കല്‍ ഈ നിര്‍ദ്ദേശം വച്ചതും അനുവാദം വാങ്ങിക്കൊടുത്തതും.
2. സ്ഥാപകയോഗി (പാലയ്ക്കല്‍ തോമ്മാമല്പാന്‍) എന്ന പേരില്‍ ശ്രീ. വറുഗീസ് കഞ്ഞിരത്തുങ്കല് എഴുതി ആലപ്പുഴ പ്രകാശം പബ്ലിക്കേഷന്‍സ് പ്രസാധകരായി 1981-ല്‍ ഇറക്കിയ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ …….
……തങ്ങളുടെ ചിരന്തനാഭിലാഷം അധികൃത സമക്ഷം അവതരിപ്പിക്കുവാന്‍ ഇതിനേക്കാള്‍ അനുകൂലമായ സാഹചര്യം ഉണ്ടാകാനില്ലെന്ന് തോമ്മാച്ചന്മാര് മനസ്സിലാക്കി. അതനുസരിച്ച്, ഒരു ദിവസം ഉല്ലാസസമയത്തു ഇരുവരുംകൂടി മെത്രാനച്ചനെ സമീപിച്ച്, അവരുടെ സുചിന്തിതമായ ഹൃദയാഭിലാഷം അറിയിക്കുകയും അതിനുള്ള അനുമതി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മെത്രാനച്ചന്റെ അനുകൂലമായ മറുപടിയും പ്രോത്സാഹജനകമിയ കല്പനയും പ്രാരംഭസംഭാവനയും ദൈവഹിതത്തിന്റെ പ്രത്യക്ഷ സൂചനകളാണെന്നുള്ള വിശ്വാസത്തോടെ, പിതാക്കന്മാര് പ്രതീക്ഷാഫൂര്വ്വം പ്രവര്‍ത്തനമാരംഭിച്ചു. ……
…..അതികായന്മാരായ ഈ വൈദികവരേണ്യര് സമാരംഭിച്ച പ്രസ്ഥാനത്തിന് നിര്‍ല്ലോപമായ പിന്തുണയും ………
മെത്രാനച്ചന്റെ അധികാരപത്രവുമായി തോമ്മാച്ചന്മാര് ആദ്യം പോയത്, ……കുട്ടനാട്ടിലേക്കായിരുന്നു……
….സ്ഥലം കണ്ടുപിടിക്കാനായി മല്പാനച്ചന്റെ നേതൃത്വത്തില്‍ ഒരു സംഘം പള്ളിപ്പുറത്തുനിന്നും പുറപ്പെട്ടു. പോരൂക്കരയച്ചനും അദ്ദേഹത്തിന്റെ സന്തത സഹചാരിയും സന്യാസ ജീവിതക്രമത്തില്‍ അദ്ദേഹത്തോടു സഹകരിക്കുവാന്‍ സന്നദ്ധനുമായിരുന്ന കണിയാന്തറ യാക്കോബും മെത്രാനച്ചന്റെ കുമ്പസാരക്കാരനായിരുന്ന പാസ്കല്‍ പാതിരിയും പള്ളിപ്പുറത്തു കല്ലുങ്കല്‍ ഇട്ടിയേപ്പ് എന്ന ഇടവക പ്രമാണിയും തച്ചില്‍ അബ്രാഹം മല്പാന്റെ ഒരാശ്രിതനായിരുന്ന ഇട്ടന്‍ എന്ന വഴികാട്ടിയും അടങ്ങിയതായിരുന്നു അന്വേഷണസംഘം.
(പിന്നീട് വന്ന പല അന്വേഷണസംഘങ്ങളിലും ഇപ്പോഴത്തെ സ്ഥാപകന്‍ ഇല്ലായിരുന്നു. അവസാനം ‘ബേസ് റൗമ്മ’ (ഉയര്‍ന്ന ഭവനം) എന്ന പേരിലറിയപ്പെട്ട മാന്നാനം കുന്ന് കണ്ടെത്തി അവിടെ ആശ്രമം സ്ഥാപിക്കുന്നതിനുള്ള ജനകീയസമ്മതവും സര്‍ക്കാര്‍ അനുവാദവും വാങ്ങിയെടുത്തശേഷം മാത്രമാണ് നമ്മുടെ കഥാനായകന് ഈ സ്ഥലം കാണുന്നതുതന്നെ.)
‘…….കുരിശിനോട് ചേര്‍ന്ന് വളച്ചുകെട്ടിയിരുന്ന ഒരു പന്തല്പുരയില് താമസിച്ചുകൊണ്ട്, പാലയ്ക്കല്‍ മല്പാനച്ചനും പോരൂക്കരയച്ചനും കുന്നില്‍ നടന്നുകൊണ്ടിരുന്ന പണികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കണിയാന്തറ യാക്കോബും സഹായത്തിനുണ്ടായിരുന്നു……’
മൗറേലിയൂസ് സ്തബലീനി മെത്രാന് ഒട്ടും വയ്യാതിരുന്നിട്ടുപോലും തലേന്ന് എത്തി മാന്നാനം കുന്നില്‍ ഓലമറച്ച ഷെഡ്ഡില്‍ കിടന്നുറങ്ങി. പിറ്റേന്ന് (1831 മെയ് 11) കൈ അനക്കുവാന്‍പോലും വയ്യാത്ത അവസ്ഥയില്‍ കല്ലിടീല്‍ കര്‍മ്മം മാറ്റിവയ്ക്കാമെന്ന് മല്പാന്മാര് പറഞ്ഞിട്ടും സമ്മതിക്കാതെ, പ്രായംകൊണ്ടും പദവികൊണ്ടും മുമ്പനായ പാലയ്ക്കല്‍ മല്പാനച്ചന് നിര്‍വഹിക്കുവാന്‍ മെത്രാന് നിര്‍ദ്ദേശിച്ചിട്ടും പോരൂക്കരയച്ചന് ആ അവസരം കൊടുക്കുകയും അദ്ദേഹം കല്ലിടുകയും ചെയ്തു.
3. ബെര്ണ്ണാര്ദോസ് തോമ്മാ പട്ടക്കാരന്‍ ൧൯൦൮ (1908) ല്‍ മാന്നാനം കൊവേന്തയുടെ പ്രിയോരിന്റെ അനുവാദത്തോടെ തയ്യാറാക്കിയ കല്‍ദായ സുറിയാനി റീത്തില്‍ ചേര്‍ന്ന മലയാളത്തിലെ കര്‍മ്മലീത്താ മൂന്നാം സഭയുടെ ചരിത്രം എന്ന,പുസ്തകത്തിലെ സാക്ഷ്യങ്ങളും നോക്കാം.
൧. (1). ൧൯ (19)-ാം ശതവര്‍ഷത്തിന്റെ ആരംഭത്തില്‍ അതായതു ൧൮൨൮ (1828) -ല്‍ വരാപ്പുഴയ്ക്കു തനതായി ഒരു വികാരി അപ്പസ്തോലിക്ക ഇല്ലായിരുന്നു. അതുകൊണ്ട് ബൊംബാ (ബോംബെ) വികാരി അപ്പസ്തോലിക്കായും സപാദുക (കല്സാദി) കര്മ്മലീത്താക്കാരനുമായിരുന്ന മാര്‍ മൗെറെല്യോ സ്തബിലീനി മെത്രാനച്ചനെ ൧൨(12)-മത്തെ ലെയോ മാര്‍പ്പാപ്പാ വരാപ്പുഴയുടെ തല്ക്കാല (Interino) വികാരി അപ്പസ്തോലിക്കാ എന്ന സ്ഥാനത്തില്‍ നിയമിച്ചു. അക്കാലത്തു പള്ളിപ്പുറത്തു സെമിനാരിയില്‍ മല്പാനായി പാലയ്ക്കല്‍ തോമ്മാച്ചന് പഠിപ്പിച്ചുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ ഉറ്റ സ്നേഹിതനായ ചമ്പക്കുളത്തു പോരൂക്കര തോമ്മാച്ചന് കൊല്ലത്തു തങ്കച്ചേരി പള്ളിയുടെ വികാരി ആയിരുന്നു. തപസ്സുജീവിതത്തില് അത്യന്തം തല്പരന്മാര് ആയിരുന്നതുകൊണ്ടു അതിലേയ്ക്കുപരിക്കത്തക്ക ഒരു സന്യാസ സഭ ഈ മലയാളത്തില്‍ സ്ഥാപിക്കുന്നതിനു ഇവര്‍ എല്ലായ്പ്പോഴും ആഗ്രഹിച്ചുകൊണ്ടിരുന്നു. അഞ്ഞൂറ്റിക്കാരനും മൗെറെല്യൊ മെത്രാനച്ചന്റെ കൂടെ ബൊംബയില്‍ ഏറെക്കാലം താമസിച്ചിരുന്ന ആളുമായ പസ്കാല്‍ പാദ്രി അവര്‍കള്‍ ഈ കാര്യത്തിനു വലിയ അനുകൂലിയും സഹായിയുമായിരുന്നു………
………….” ഒരു സന്യാസ സഭ സ്ഥാപിക്കണമെന്നുള്ള തങ്ങളുടെ ആഗ്രഹം പോരൂക്കര തോമ്മാച്ചനും പാലയ്ക്കല്‍ തോമ്മാ മല്പാനച്ചനും മെത്രാനച്ചനെ ബോധിപ്പിക്കുകയും അവിടുന്നു വളരെ സന്തോഷചിത്തനായി അതിനായി ഒരു സന്യാസ ഭവനം പണി ചെയ്യുന്നതിലേക്കു എല്ലാ പള്ളിക്കാരും പട്ടക്കാരും ജനങ്ങളും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നു കല്പിക്കുന്ന ഒരു ഉപദേശ കല്പന ൧൮൨൯ (1829) വൃശ്ചികം ൧ (1) -ാംനു അവര്‍ക്കു കൊടുക്കയും ആദ്യമായി താന്‍ തന്നെ ൨൦൦ (200) ബ്രിട്ടീഷ് രൂപ അവര്‍ക്കു ദാനം ചെയ്യുകയും ചെയ്തു. കല്പനയിലെ താല്പര്യം അനുസരിച്ച് ൧൮൩൦-ല്‍ കല്ലൂര്‍ക്കാട്ട് പള്ളിയില്‍ നിന്നു ൨൦൦ (200) രൂപയും എടത്വാ പള്ളിയില്‍ നിന്നു ൩൫൦ (350) രൂപയും ആ പള്ളിക്കാര് കൊടുത്തു.”
൨. ഭക്തിയ്ക്കടുത്ത ജീവിതം കഴിക്കുന്നതിനായിക്കൊണ്ടുള്ള അതിയായ ആഗ്രഹം നിമിത്തം ചമ്പക്കുളത്തു ഇടവക കണിയാന്തറെ ചാക്കോ എന്ന ഒരു ബാലന് പോരൂക്കര തോമ്മാച്ചന്റെ കൂടെ വന്നുകൂടുക ഉണ്ടായി. പിന്നീട് നമ്മുടെ സഭയില്‍ പ്രവേശിച്ചതിന്റെ ശേഷം ഈ ബാലന് ആഹാ യാക്കോബു എന്ന പേരിനാല്‍ ഏവര്‍ക്കും പ്രസിദ്ധനായിതീര്‍ന്നു. ആശ്രമത്തിനു തക്കതായ ഒരു സ്ഥലം കണ്ടു നിശ്ചയിക്കുന്നതിനായി മെത്രാനച്ചന്റെ അനുമതിയോടെ പലപ്പോഴും പല സ്ഥലങ്ങളിലും മേല്‍പ്പറഞ്ഞ നമ്മുടെ രണ്ടു തോമ്മാച്ചന്മാരും കൂടെ സഹായക്കാരായി കോതമങ്ങലത്തു ഇടവക മുണ്ടയ്ക്കല്‍ ഇട്ടൂപ്പ് കത്തനാരച്ചനും പള്ളിപ്പുറത്തു ഇടവക കല്ലുങ്കല്‍ ഇട്ടി അയിപ്പു മാപ്പിളയും യാത്ര കഴിച്ചിരുന്നു…….
പ്രിയപ്പെട്ട വായനക്കാരേ, സത്യാന്വേഷികളേ,
സി.എം.ഐ. സഭയുടെ സ്ഥാപനചരിത്രത്തിലെങ്ങും ആരംഭം മുതല്‍ ഇല്ലാത്ത ഒരാള്‍ ആണ് ഈയടുത്തകാലത്ത് സ്ഥാപകനായി മാറിയത്. ആദ്യത്തെ ഏതാനും അംഗങ്ങള്‍ വന്നശേഷം മാത്രമാണ് ചാവറ കുരിയാക്കോസ് ഇവരോടൊപ്പം ചേരുന്നത്.
എന്നിട്ടും സഭാസ്ഥാപകരെ തള്ളിമാറ്റി ഇദ്ദേഹമൊറ്റയ്ക്കാണ് സഭ സ്ഥാപിച്ചതെന്ന് കഥയെഴുതിയ കുറെ കഥാകാരന്മാരുണ്ട്. അതിന് ഈ സഭയുടെ ഉന്നതശ്രേഷ്ഠരുടെ സഹായങ്ങളും അവര്‍ക്ക് പ്രോത്സാഹനമേകിയിട്ടുണ്ട്. പാലയ്ക്കല്‍, പോരൂക്കര തോമ്മാ മല്പാന്മാരും കണിയാന്തറ യാക്കോബും ലത്തീന്‍കാരനായ പാസ്കള്‍ അച്ചനും ആദ്യകാല അംഗങ്ങളും കഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതലായി കുരിയാക്കോസ് അച്ചന് തുടക്കം മുതല്‍ കഷ്ടപ്പെട്ടു എന്നത് ശരിയായ വസ്തുതയല്ല. അദ്ദേഹം മാന്നാനം കുന്ന് കയറിയശേഷം ആശ്രമം പണിയുന്നതിനായി കഷ്ടപ്പെട്ടിട്ടുണ്ടെന്നത് ശരി തന്നെ.
എന്നാല്‍ ഈ ആശയം അവതരിപ്പിച്ച് അംഗീകാരം വാങ്ങി അതിനായി ഏറ്റവുമധികം ബുദ്ധിമുട്ടിയവരെ മാറ്റിനിറുത്തി കുറെകഴിഞ്ഞ് വന്ന ആളെ ഒന്നാമനും സ്ഥാപകനും ആക്കി ആദരിക്കുമ്പോള്‍ ഈ ആശയം മനസ്സില്‍ താലോലിച്ചു രൂപപ്പെടുത്തിയവരെ തഴയുന്നത്, സ്വന്തം പിതൃത്വത്തെ തള്ളിപ്പറയുന്നതിനു തുല്യമാവില്ലേ….
സി.എം.ഐ.സഭ തിരുത്തുവാന്‍ തയ്യാറാകണം, ഈ തെറ്റിനെ. കാരണം, കാനോനിക അംഗീകാരം കിട്ടുന്ന കാലത്ത് ഇദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമായിരുന്നു. സ്ഥാപകര്‍ മരിച്ചുപോയെന്നു കരുതി ആ സ്ഥാനം പിന്നീട് വന്നവരുടെ പേരിലാക്കാമോ?
മാന്നാനം ആശ്രമം സ്ഥാപനത്തെപ്പറ്റി സത്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങള്‍ ഇനിയും കാണാം. തുടക്കം മുതല്‍ ഇല്ലാത്ത ഒരാള്‍ സ്ഥാപകനാകുന്ന അപൂര്‍വബഹുമതി,
സ്ഥാപകരെ തള്ളിമാറ്റി പിതൃസ്ഥാനം കൈക്കലാക്കിയതല്ല, ചാര്‍ത്തിക്കൊടുത്ത സി.എം.ഐ. സഭയുടെ ‘ചെയ്തികള്‍’ ഇനിയും വെളിച്ചത്തുവരാനിരിക്കുന്നു. അടുത്ത ലക്കങ്ങളില്‍ പുതിയ വിശേഷങ്ങളുമായി എത്താം.
മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചതാര്?….
ശരിയായ ഉത്തരം അടുത്ത ലക്കത്തില്‍.
താഴെ കാണുന്ന ചിത്രം ആരുടേതാണെന്നറിയാമോ????
ആദ്യ കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങളിലൊന്നാണിത്.
സി.എം.ഐ. സഭയുടെ പ്രഥമ പ്രിയോര്‍ ആയിരുന്ന
ചാവറ കുരിയാക്കോസ് ഏലിയ.
Leave a Reply