അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ? ഭാഗം – 3

വിശുദ്ധ ചാവറ കുരിയാക്കോസ് അച്ചന്റെ ജനനം മുതല്‍ വൈദികപട്ടസ്വീകരണം വരെയുള്ള കാലത്തെ കഥകള്‍, മിക്കവാറും എല്ലാവരും രചിച്ചിട്ടുള്ളത് ഒരുപോലെയാണ്.

അര്‍ത്തുങ്കല്‍ പള്ളിയില്‍വച്ച് വൈദികപട്ടം സ്വീകരിച്ചതോടെ, കഥാകൃത്തുക്കളില്‍ പലര്‍ക്കും ഭാവനകള്‍ ചിറകുവിരിക്കാന്‍ തുടങ്ങി. കുരിയാക്കോസ് അച്ചന്‍ സ്വപ്നത്തില്‍പോലും കാണാത്ത പലതും കഥാകൃത്തുക്കള്‍ മെനഞ്ഞെടുത്തു എഴുതാന്‍ തുടങ്ങി.

സത്യത്തില്‍ ഈ രചയിതാക്കള്‍ക്ക് അവാര്‍ഡ് കൊടുക്കേണ്ടതാണ്. കാരണം, ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ അത്രക്ക് ഭംഗിയായിട്ടാണ് കഥയെഴുതിയിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തിലെ നായകകഥാപാത്രത്തെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ വളരെ ‘കൂള്‍’ ആയി മാറ്റി, ആ സ്ഥാനത്ത് നമ്മുടെ കഥാനായകന്റെ പേര് ‘സിംപിള്‍’ ആയിട്ട് ചേര്‍ത്തുവച്ചിരിക്കുകയാണ്. സാഹചര്യങ്ങളെ പൊലിപ്പിച്ചുകാട്ടി, ഈ കഥാനായകന്‍ ചെയ്തത് വായിക്കുമ്പോള്‍ വായനക്കാര്‍ എത്തിച്ചേരുന്ന തലം യഥാര്‍ത്ഥ സംഭവമായി മാറ്റപ്പെടുന്ന അവസ്ഥാന്തരത്തിലേക്ക് ആയിപ്പോകുന്നതില്‍ ആണ് നമ്മുടെ ഈ കഥാകൃത്തുക്കളുടെ മിടുക്ക് വെളിവാകുന്നത്.

‘ചാവറയച്ചന്‍ കഥ പറഞ്ഞാല്‍’ എന്ന പേരില്‍ ശ്രീ. ടി.ടി മുണ്ടയ്ക്കല്‍ എഴുതിയ ഒരു പുസ്തകമുണ്ട്. 1985-ല്‍ അന്നത്തെ പ്രിയോര്‍ ജനറാളായിരുന്ന ഫാ. വിജയാനന്ദ് സി.എം.ഐ എഴുതിയ അവതാരിക വായിച്ചാല്‍ മനസ്സിലാകും, ഈ കഥ സത്യമാണോ, ഭാവനയാണോ എന്ന്.

അതിലെ 162 പേജും വായിച്ചുതീരുമ്പോള്‍ സത്യമറിയാത്ത ഏതൊരാളും ഈ കഥയില്‍ വീണുപോകും. അത്ര മനോഹരമായിട്ടാണ് കഥാകാരന്‍ വായനക്കാരെ ഈ മാസ്മരികലോകത്ത് എത്തിക്കുന്നത്.

ചരിത്രത്തില്‍ രേഖപ്പെട്ട പേരുകള്‍ മാറ്റി കഥാനായകന്റെ പേര് എങ്ങനെ ആ സ്ഥാനത്ത് ഇത്ര കൃത്യമായി കൂടിച്ചേരുന്നു എന്ന് ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധത്തിലുള്ള രചന അഭിനന്ദനമര്‍ഹിക്കുന്നു. സമ്മതിച്ചേ പറ്റൂ. കള്ളസത്യരചനക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹമായ പുസ്തകംതന്നെ.

എന്നാല്‍ ഇതുമാത്രമല്ലാട്ടോ…. പുസ്തകങ്ങള്‍. ‘മനസ്സില്‍ നിറയുന്ന ചാവറയച്ചന്‍’ എന്നപേരില്‍ 2008-ല്‍ ശ്രീമതി കുഞ്ഞൂഞ്ഞമ്മ ജോസഫ് എഴുതിയ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ജെയിംസ് മഠത്തിക്കണ്ടം സി.എം.ഐ ആണ്. കുഞ്ഞുമനസ്സുകളില്‍ കള്ളക്കഥ പതിയാന്‍ ഈ പുസ്തകം ധാരാളം.

സി.എം.സി. സഭയുടെ കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ സി. ബെന്‍സിറ്റ സി.എം.സി 2011-ല്‍ അവതാരിക എഴുതിയ ഫാ. കുരിയാക്കോസ് ഏലിയ വടക്കേത്ത് സി.എം.ഐ. യുടെ ഒരു കൊച്ചുപുസ്തകത്തില്‍ അവതാരികയും ആശംസയും മറ്റും പലര്‍ക്കും തെറ്റിദ്ധാരണ പകരുന്നുണ്ട്.

ഇനി സി.എം.ഐ. സഭയുടെ സ്വന്തം കഥാപുത്രനായ എസ്. വെങ്ങാലൂര്‍ സി.എം.ഐ. എഴുതിയ ‘സി.എം.ഐ. സഭാചരിത്രം’, ‘നിരീക്ഷണങ്ങള്‍’, ‘മാന്നാനത്തെ മഹായോഗി (വി. ചാവറ )’ എന്നീ പുസ്തകങ്ങള്‍ വായിച്ചാലറിയാം, സഭയ്ക്ക് വേണ്ടത് ഇത്തരം പുത്രന്മാരെയാണെന്ന്. പേരറിയില്ലെങ്കിലും കോട്ടയത്തുനിന്നും എനിക്ക് ഈ വൈദികനാണ് കുരിയാക്കോസ് അച്ചനെക്കുറിച്ചുള്ള കുറെ പുസ്തകങ്ങള്‍ അയച്ചുതന്നിട്ടുള്ളത്.

അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ ചില സത്യങ്ങള്‍ ദൈവത്തിന്റെ കൈയൊപ്പുപോലെ ഇവരുടെ കള്ളത്തരങ്ങളെ വെളിച്ചത്തെത്തിക്കുന്നു.

കുരിയാക്കോസ് അച്ചന്റെ നാമകരണനടപടികള്‍ തുടങ്ങാറായപ്പോഴാണ്, ഭാവനകള്‍ ചിറക് മുളച്ചതെന്നുവേണം അനുമാനിക്കാന്‍. ആദ്യ സന്യാസസഭയെ കാനോനികമായി അംഗീകരിക്കുവാന്‍ ബച്ചിനെല്ലി പിതാവ് തീരുമാനിച്ച് നടപടികള്‍ പൂര്‍ത്തിയായ കാലത്ത് കര്‍മലീത്താ ചൈതന്യം പൂത്തുലഞ്ഞുനിന്ന അംഗങ്ങളുടെ നാലാം തലമുറ ആയപ്പോഴേക്കും കഥയൊക്കെ മാറി.

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്നപോലെ, കത്തോലിക്കാ സഭയുടെ എല്ലാ നന്മകളും സ്വാംശീകരിച്ചശേഷം തനിനിറം പുറത്തെടുക്കുന്ന പരമ്പരാഗതശൈലി റീത്ത് വിഭജനകാലത്ത് കാണിച്ചുതുടങ്ങിയപ്പോള്‍തന്നെ ശരിയായ തീരുമാനം സഭ എടുത്തിരുന്നുവെങ്കില്‍, അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത രേഖപ്പെടുത്തിയ സത്യം- ഇപ്പോള്‍ സീറോ മലബാര്‍ സഭ എത്തപ്പെട്ട ദുരവസ്ഥയിലെത്തുകയില്ലായിരുന്നു.

കുരിയാക്കോസ് അച്ചന്‍ എങ്ങനെ സി.എം.ഐ. സഭാസ്ഥാപകനായി എന്ന് ഇത്തവണ പറയാമെന്ന് പറഞ്ഞിരുന്നെങ്കിലും കുറച്ചുകൂടി പഴയ രേഖകള്‍ കിട്ടുന്ന മുറക്ക് അടുത്തുതന്നെ നല്കാം.

ഇതിനിടയ്ക്ക് കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി അതിന്റെ സുവര്‍ണജൂബിലി സ്മാരകമായി പുറത്തിറക്കിയ സ്മരണികയില്‍ കുരിയാക്കോസ് അച്ചനുമായി ബന്ധപ്പെട്ട വലിയ ഒരു തെറ്റ് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുന്ന തിരക്കിലായിരുന്നു. കൃത്യമായ രേഖകള്‍സഹിതം ബോധിപ്പിച്ചിട്ടും ആരെയോ ഭയക്കുന്ന പ്രതീതിയാണ് മനസ്സിലാകുന്നത്.

കേരള സഭ ഇന്നെത്തിനില്ക്കുന്ന അവസ്ഥയ്ക്ക് ഒരു കാരണം, സത്യത്തിലൂടെ നേര്‍വഴി നടത്താന്‍ കാഴ്ചയുള്ളവര്‍ മറന്നുപോയതു കൊണ്ടാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ സംഭവിക്കുന്ന ദുരിതമാണ് ഇതൊക്കെ. തെറ്റുചെയ്യുന്നവര്‍ ചെയ്തോട്ടെ എന്ന മനോഭാവം മാറാതെ കേരള സഭ നന്നാവില്ല.

തെറ്റു ചെയ്യുന്നവരെ തിരുത്താതെ, അവര്‍ അവരുടെ തെറ്റും നമ്മള്‍ നമ്മുടെ ശരിയും പറഞ്ഞാലൊന്നും സഭ രക്ഷപെടില്ല. അവരെന്തു വിചാരിക്കും എന്നു കരുതി തെറ്റിന് കൂട്ടുനില്ക്കുന്ന പ്രവണത സഭാനേതൃത്വം ഉപേക്ഷിക്കണമെന്നതാണ് ഇപ്പോള്‍ പൊതുവേ ഉയരുന്ന ജനാഭിപ്രായം. അത് മനസ്സിലാക്കി വിവേകത്തോടെ പെരുമാറുമ്പോള്‍ സഭയുടെ മുഖം കൂടുതല്‍ പ്രകാശമാനമാകും. ക്രിസ്തു മഹത്വപ്പെടും. തെറ്റിനെ സാധൂകരിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖമാണ് വികൃതമാകുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് ഉണ്ടാകട്ടെ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

Create your website with WordPress.com
Get started
%d bloggers like this: