കേരള കത്തോലിക്കാ സഭയിലെ മൂന്ന് റീത്തുകളിലൊന്നായ സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവും എറണാകുളം -, അങ്കമാലി അതിരൂപതാംഗവും സീറോ മലബാര്‍ സഭയുടെ മുഖപത്രമായ സത്യദീപം വാരികയുടെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന റവ. ഫാ. പോള്‍ തേലക്കാട് 2018 ഏപ്രില്‍ മാസത്തില്‍ പ്രഘോഷിച്ച സത്യം ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായപ്പോഴും സീറോ മലബാര്‍ സഭ ഔദ്യോഗികമായി ആ സത്യത്തെ നിഷേധിച്ചത് അവരുടെ സത്യത്തോടുള്ള നിഷേധാത്മക കാഴ്ചപ്പാടിനെ എന്നും സാധൂകരിക്കുവാന്‍ കാരണമാകുന്നു എന്ന ആമുഖത്തോടെ ഈ രണ്ടാം ഭാഗം തുടങ്ങട്ടെ….
2006 സെപ്തംബര്‍ 27-ന് അന്നത്തെ പാപ്പായായിരുന്ന ബെനഡിക്ട് പതിനാറാമന്‍, ഇന്നത്തെ ഭാരതത്തില്‍ അപ്പസ്തോലനായ വി. തോമസ് വന്നിട്ടില്ല എന്ന് പറഞ്ഞു. ചരിത്രപരമായ തെളിവുകളുടെയും ചിന്തിച്ചാല്‍ സാമാന്യബുദ്ധിക്ക് മനസ്സിലാക്കാവുന്ന യുക്തിയുടെയും (കുരിശ്, പള്ളി സ്ഥാപനങ്ങള്‍) മറ്റും അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞ സത്യത്തെ പറക്കടിയില്‍ ഇവര്‍ ഒളിപ്പിച്ചു. ആ നാളം കെടാതെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ഫാ. പോള്‍ തേലക്കാട്ട് പീഠത്തിന്മേല് വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ നാമൊക്കെ കണ്ടതാണ്. വീണ്ടും ആ സത്യത്തെ പറക്കടിയിലാക്കി സീറോ മലബാര്‍ സഭ മൂടിവയ്ക്കുകയാണ്.
ഏത്ര വളക്കാന്‍ ശ്രമിച്ചാലും പ്രകാശം നേര്രേഖയിലൂടെയേ സഞ്ചരിക്കൂ. എത്ര അടച്ചുപൂട്ടിയാലും അതെന്നെങ്കിലും പുറത്തെത്തും. ജലത്തിന്റെ കാര്യത്തിലും ഇതുതന്നെ. പറക്കടിയില്വച്ച് പ്രകാശത്തെയും ഇഷ്ടമുള്ള രൂപത്തില്‍ ജലത്തെയും ( പാത്രം, അണക്കെട്ട്) കുറെനാളത്തേക്ക് തടയാനാവും. എന്നാല്‍ എത്രനാള്‍ ?
മനുഷ്യരെല്ലാവരും സത്യത്തെ പിന്തുടരുന്നവരായിരിക്കണം. പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍. കാരണം സത്യം തന്നെയായ യേശുവില്‍ വിശ്വസിക്കുന്ന ഒരു ജനവിഭാഗമാണത്. അപ്പോള്‍ സത്യത്തെ മറച്ചുവയ്ക്കുന്നതിന് കൂട്ടുനില്ക്കുക എന്നാല്‍ യേശുവിനെ തള്ളിപ്പറയുന്നതിന് തുല്യമല്ലെ. കത്തോലിക്കാ സഭയിലെ ആരുതന്നെ കള്ളങ്ങള്‍ക്കു കൂട്ട് നില്ക്കുന്നുവോ അവരൊക്കെ ക്രിസ്തുവിന്റെ വെളിച്ചത്തിലേക്ക് കടന്നുവരണം.
വി.തോമാശ്ലീഹയെ സംബന്ധിച്ച് മൈലാപ്പൂരും മാല്യങ്കരയും – റോമന്‍ (ലത്തീന്‍) സഭ പിന്തുടരുന്ന രണ്ട് തെറ്റുകള്‍ തിരുത്തപ്പെടേണ്ടതാണ്. വി. തോമാശ്ലീഹ, അപ്പസ്തോലന് ആണെന്നും അദ്ദേഹം അനവധി നാടുകളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും അനേകരെ ക്രിസ്തുമാര്‍ഗത്തിലേക്ക് ആനയിച്ചുവെന്നും ധൈര്യപൂര്‍വം നമുക്ക് വിശ്വസിക്കാം. ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യ എത്ര വലുതായിരുന്നു എന്നറിയണമെങ്കില്‍, പാക്കിസ്ഥാനും അതിനുമുമ്പ് വേര്‍തിരിഞ്ഞ അഫ്ഗാനിസ്ഥാനും ചേര്‍ന്ന ഇന്ത്യ മാത്രമല്ല എന്നറിയണം.
കാനായി തോമ എന്ന പേര്‍ഷ്യന്‍ കുടിയേറ്റക്കാരന്റെ കേരളത്തിലേക്കുള്ള വരവ് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. വി. തോമാശ്ലീഹയുടെ യാത്രയില്‍ ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ തോമാശ്ലീഹയില്നിന്നും സ്നാനം സ്വീകരിച്ച് വളര്‍ന്ന സമൂഹമായിരിക്കാം. ഈ സമൂഹത്തില്‍നിന്നും കാനായി തോമയുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയവരാണ് ആദ്യ ക്രൈസ്തവര്‍ എന്ന ചരിത്രവസ്തുത അംഗീകരിക്കുവാന്‍ മനസ്സാകാത്തിടത്തോളം സത്യത്തെ മൂടിവയ്ക്കുവാനും അസത്യങ്ങള്‍ പ്രചരിപ്പിക്കുവാനും അതുവഴി ക്രിസ്തുമാര്‍ഗത്തിന് എതിര്സാക്ഷ്യമാകുവാനും ഇടവരുന്നു. ( അതിന് മുമ്പ് ഇവിടെ – തെക്കേ ഇന്ത്യയില്‍ – ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുവെന്ന് തെളിവുകള്‍ ഉണ്ടെങ്കില്‍ നമുക്ക് വിശ്വസിക്കാം. എന്നാല്‍ അപ്പസ്തോലന് ആയ വി. ബര്‍ത്തലോമിയോ ഇന്നത്തെ ബോംബെ പ്രദേശത്ത് അനേകരെ സ്നാനപ്പെടുത്തിയതായും ആ സമൂഹം, പോര്‍ച്ചുഗീസ് വരവോടെ അക്കൂട്ടത്തില്‍ ലയിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു എന്നറിയുന്നു.)
ഇക്കാര്യങ്ങളിലെല്ലാം വിയോജിപ്പുള്ളവര്‍ സത്യാന്വേഷികളായി, രേഖകള്‍ സഹിതം തെളിവ് വയ്ക്കുംവരെ അസത്യത്തില്‍ വിശ്വസിക്കരുതേ എന്നേ പറയാനുള്ളൂ. തെറ്റിന്റെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സത്യങ്ങളൊന്നും പ്രകാശം പരത്തുന്നതായി ഒരിക്കലും കാണാനാവില്ല. ഇരുട്ടിനെ എന്നും ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ പരത്തുന്ന കൂരിരുട്ടില്‍, നേരായ വഴി കാണാനാവാതെ അനേകര്‍ അലയുന്നുണ്ട്. കുരുടനെ കുരുടന് നയിച്ചാല്‍ സംഭവിക്കുന്നതെന്തോ അത് അനുഭവിക്കുന്ന ഒരു സമൂഹത്തിനു മുമ്പില്‍ ഒരു കുഞ്ഞുവെട്ടമായി ഈ കുറിപ്പ് ഉപകാരപ്പെടട്ടേ.
യഥാര്‍ത്ഥ സത്യം ചിലര്‍ വളച്ചൊടിക്കുന്നത് എപ്രകാരമാണെന്ന് വെളിവാക്കുന്നതാണ് ഈ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്.
വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ യഥാര്‍ത്ഥ ചെയ്തികളും ആധുനിക ചരിത്രകാരന്മാരുടെ ( കഥാകൃത്തുക്കളുടെ) പുതിയ കഥകളും ഉള്‍പ്പെടുന്ന വരുംലക്കങ്ങളിലെ ആദ്യഭാഗം സി.എം.ഐ സഭയുടെ സ്ഥാപകന്‍ അല്ലെങ്കില്‍ സ്ഥാപകര്‍ ആരെല്ലാമാണെന്നതിനെക്കുറിച്ചാണ്.
ഒരു വിശുദ്ധനെ ലഭിക്കുവാന്‍വേണ്ടി സ്വന്തം സഭയുടെ പിതൃത്വംവരെ കണ്ടും കൂടെയും നടന്ന ഒരാളിലേക്ക് മാറ്റപ്പെട്ട കഥകള്‍………. വെബ്സൈറ്റുകളിലും പുസ്തകങ്ങളിലുമൊക്കെയുള്ള വായനക്കാരുടെ അറിവും കേട്ടറിവും മാറ്റി സത്യമായ അറിവുകള്‍…..
കമന്റുകള്‍ വായനക്കാര്‍ക്കും പങ്കുവയ്ക്കാം……..
Leave a Reply