അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ?

ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പസ്തോലിക്കവുമായ കത്തോലിക്കാ തിരുസഭയില്‍ ജീവിക്കുന്ന എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ്. സത്യം തന്നെയായ യേശുവിനെ പ്രഘോഷിച്ച് വിശുദ്ധരാകേണ്ടവര്‍.

എന്നാല്‍ ഇതൊന്നും പാലിച്ചില്ലെങ്കിലും കത്തോലിക്കാ സഭയില്‍ ജീവിച്ച് എല്ലാ സംവിധാനങ്ങളും തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിവുള്ളവരും ഇന്നുണ്ട്. തെറ്റാണെന്നറിഞ്ഞിട്ടും തെറ്റില്‍ തുടരുന്ന പ്രവണത വിശ്വാസികളിലും ലോകം മുഴുവനും എത്തിക്കുന്ന ചിലരെ, ലോകത്തിന് മുന്നില്‍ വെളിവാക്കാനും അവര്‍ ആ തെറ്റ് തിരുത്തുവാനുംവേണ്ടി ഈ കുറിപ്പ് ഉപകാരപ്പെടട്ടെ.

കേരളത്തിലെ രൂപതകളുടെ മാതാവ് എന്ന അപരനാമമുള്ള വരാപ്പുഴ അതിരൂപതയുടെ മുന്‍രൂപമായ വരാപ്പുഴ വികാരിയാത്തിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന് വലുതായ ഇന്നത്തെ സീറോ മലബാര്‍ സഭയിലെ ചിലരുടെ പ്രവൃത്തികളാണ് ഇത്തരമൊരു കുറിപ്പിന് കാരണമാകുന്നത്.

കത്തോലിക്കാ സഭയിലെ പൂര്‍വികര്‍ ചെയ്ത തെറ്റുകള്‍ക്ക് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും പാപ്പാ എമരിത്തൂസ് ബനഡിക്ട് പതിനാറാമനും മാപ്പ് ചോദിച്ചപ്പോള്‍ സഭയുടെ നിറം മങ്ങുകയല്ല, പതിന്മടങ്ങ് ശോഭിക്കുകയത്രേ ഉണ്ടായത്. ഇതരമതങ്ങളുടെ വിശ്വാസകാര്യങ്ങളിലും – ശബരിമലയിലെ മകരദീപം തെളിക്കുന്നത് മനുഷ്യകരങ്ങളാലാണെന്ന് കോടതിയില്‍ പറഞ്ഞിട്ടും അവരുടെ വിശ്വാസം കെടുകയല്ല, വര്‍ദ്ധിക്കുന്നതായി നമുക്ക് അറിവുള്ളതാണല്ലോ.

എന്നാല്‍ യേശുശിഷ്യനും മുക്കുവനുമായ വി. തോമസ്സിന്റെ പാരമ്പര്യങ്ങളില്‍ അഭിമാനം കൊള്ളുമ്പോഴും മുക്കുവരെ വംശീയമായി തള്ളിപ്പറയുകയും എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്ന നമ്പൂതിരി വര്‍ഗത്തില്‍ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുമാര്‍ഗം ഏച്ചുകെട്ടിയും ജീവിക്കുന്ന ചിലര്‍, സത്യങ്ങളെ വളച്ചൊടിച്ച് അസത്യങ്ങളെ സത്യങ്ങളാക്കി ലോകസമക്ഷം അവതരിപ്പിക്കുവാന്‍ വിരുതുള്ളവരാണ്. അവരോടൊപ്പം മാധ്യമങ്ങളും സാംസ്കാരികനായകരും എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും രാജ്യതന്ത്രഞ്ജരും ഒത്തുചേരുമ്പോള്‍ അസത്യങ്ങള്‍ സത്യങ്ങളായി ജനങ്ങള്‍ക്കിടയില്‍ പുനര്‍ജനിക്കുന്നു.

കത്തോലിക്കാ സഭയില്‍ വിശുദ്ധ പദവി കരഗതമാകുവാന്‍ ഒരാളുടെ വിശുദ്ധിതന്നെ ധാരാളം മതിയായിരിക്കെ, ചരിത്രസാക്ഷ്യങ്ങളുടെ പിന്‍ബലമുള്ള പല സംവിധാനങ്ങളുടെയും പിതൃത്വം കണ്ടുനിന്ന ഒരാളില്‍ നിക്ഷേപിച്ച് കത്തോലിക്കാ സഭയുടെ പകിട്ട് കുറക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കുറച്ചുപേരെ നിലക്ക് നിറുത്തുവാന്‍ ശ്രമിക്കാതെ അവരോടൊപ്പം കൂട്ടുനില്ക്കുന്ന അവരുടെ സഭാനേതൃത്വവും സത്യമല്ലെന്നറിവുണ്ടായിട്ടും പ്രതികരിക്കാത്ത മറുപക്ഷവും തെറ്റിനെ സാധൂകരിക്കുന്ന നടപടിയാണ് ചെയ്യുന്നത്.

ആത്മീയതക്കപ്പുറം സമ്പത്തിന് ഒന്നാം സ്ഥാനം കൈവരുമ്പോള്‍ എല്ലാവര്‍ക്കും സംഭവിക്കാവുന്ന അപഭ്രംശമായി മാത്രം ഇതിനെ കാണുന്ന കണ്ണുകള്‍, ഒരു തലമുറക്കുശേഷവും ഈ തെറ്റ് വീണ്ടും അവതരിപ്പിക്കുന്നുവെങ്കില്‍ കരുതിക്കൂട്ടിയുള്ള അസത്യപ്രചാരണത്തിന് മനഃപൂര്‍വം ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തിയിട്ടും കോടതിവഴി ബോധ്യപ്പെട്ടിട്ടും ആടിനെ ഞങ്ങള്‍ പട്ടിയാക്കും എന്ന വാശിയില്‍ മുന്നേറുന്ന ഇവരെ നിലക്കുനിറുത്തുവാന്‍ മുതിരാത്ത സഭാനേതൃത്വവും ഈ തെറ്റില്‍ പങ്കാളികളാണ്.

1599-ലെ ഉദയംപേരൂര്‍ സൂനഹദോസ് വഴി കത്തോലിക്കാ സഭയെ പുനരാശ്ലേഷിച്ച സുറിയാനിക്കാരിലെ അധികാരപ്രേമികളും ദുരഭിമാനം ഒന്നിനും സമ്മതിക്കാത്തവരുമായ ഏതാനും ചില ദുഷിച്ച വ്യക്തിത്വങ്ങളുടെ രക്തം അലിഞ്ഞുചേര്‍ന്നിട്ടുള്ള കുറച്ചുപേരുടെ ദുര്‍ചെയ്തികള്‍ക്ക് ഒരു സഭ മുഴുവന്റെയും വിശുദ്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവ് വിശുദ്ധ സഭാംഗങ്ങള്‍ക്കുണ്ടാവുകയും തെറ്റ് തിരുത്തുംവരെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം.

തെറ്റ് ചെയ്യുന്നവരെ തിരുത്തുക എന്ന പുണ്യപ്രവൃത്തിയില്‍ പങ്കാളികളായി, സത്യത്തിന്റെ പ്രഭ ലോകം മുഴുവന്‍ പടര്‍ത്തുവാന്‍, സത്യം തന്നെയായ യേശുവിനെ പ്രഘോഷിക്കുവാന്‍ ഓരോരുത്തരും തയ്യാറായാല്‍ അതുതന്നെയായിരിക്കും ഈ കാലഘട്ടത്തിലെ സുവിശേഷവത്കരണവും. അസത്യങ്ങളെ സത്യങ്ങളാക്കി കഥ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടെയും ഹൃദയങ്ങളെ, ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്ന മാനസങ്ങളെ, തെറ്റില്‍തന്നെ തുടരുന്ന ഇത്തരക്കാരെ; ശരിയുടെ പാതയിലേക്ക് അടുപ്പിക്കുവാന്‍ നമുക്കാവണം.

അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ എന്ന പരമ്പരയുടെ അടുത്ത ഭാഗങ്ങളില്‍ ഒരു സഭയുടെതന്നെ പഴയ ശരിയായ സത്യസാക്ഷ്യങ്ങളും ഇപ്പോഴത്തെ അസത്യപ്രചാരണങ്ങളും ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കലുകളും( ഷെയറിംഗ്) ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

12.09.2018. ബുധന്‍.

5 thoughts on “അസത്യങ്ങള്‍ സത്യങ്ങളാകുന്നതെങ്ങനെ?

Add yours

  1. കത്തോലിക്കാ സഭ ഉൾപ്പെടെ ഏതൊരു സഭയും മതവും സ്ഥാപനവും കുടുംബവും എല്ലാം സാമൂഹിക സാംസ്കാരിക സാമ്പത്തിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഓരോ വ്യക്തിത്വങ്ങൾ ആണ് ..
    ഇതിന്റെ എല്ലാം നിലനിൽപ് ക്ര്ത്യമായ സാബത്തീക അച്ചടകത്തിൽ അധിഷ്ഠിതമാണ് ..
    എവിടെ സാബത്തീക അച്ചടക്കം ഇല്ലാതാകുന്നു അവിടെ സാത്താൻ കുടിയേറും .. അരാജകത്വം ഉണ്ടാകും ..

    Like

  2. കത്തോലിക്കാ സഭ ഉൾപ്പെടെ ഏതൊരു സഭയും മതവും സ്ഥാപനവും കുടുംബവും എല്ലാം സാമൂഹിക സാംസ്കാരിക സാമ്പത്തിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഓരോ വ്യക്തിത്വങ്ങൾ ആണ് ..
    ഇതിന്റെ എല്ലാം നിലനിൽപ് ക്ര്ത്യമായ സാബത്തീക അച്ചടകത്തിൽ അധിഷ്ഠിതമാണ് ..
    എവിടെ സാബത്തീക അച്ചടക്കം ഇല്ലാതാകുന്നു അവിടെ സാത്താൻ കുടിയേറും .. അരാജകത്വം ഉണ്ടാകും ..

    Like

  3. ഇതെല്ലാം. സത്യങ്ങൾ മാത്രം മറ്റെല്ലാം ചരിത്രപരമായ വിഡ്ഢിത്തങ്ങൾ .പറഞ്ഞു പറഞ്ഞു മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു

    Like

Leave a comment

Create a free website or blog at WordPress.com.

Up ↑

Design a site like this with WordPress.com
Get started